News Kerala

പറ്റിപ്പോയി, പലതും ഷെയര്‍ ചെയ്യുന്ന പോലെ ഇതും ഷെയര്‍ ചെയ്തു; ജിതിന്‍ ഭാസ്‌കറിന്റെ ഓഡിയോ പുറത്ത്

Axenews | പറ്റിപ്പോയി, പലതും ഷെയര്‍ ചെയ്യുന്ന പോലെ ഇതും ഷെയര്‍ ചെയ്തു; ജിതിന്‍ ഭാസ്‌കറിന്റെ ഓഡിയോ പുറത്ത്

by webdesk2 on | 07-07-2026 08:45:07

Share: Share on WhatsApp Visits: 5


പറ്റിപ്പോയി, പലതും ഷെയര്‍ ചെയ്യുന്ന പോലെ ഇതും ഷെയര്‍ ചെയ്തു; ജിതിന്‍ ഭാസ്‌കറിന്റെ ഓഡിയോ പുറത്ത്

വിവാദമായ വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ശബ്ദ സംഭാഷണം പുറത്തുവന്നു. താന്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ടെന്നും, അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ടെന്നും ജിതിന്‍ പറയുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു പ്രാദേശിക വാട്സ്ആപ്പ് കൂട്ടായ്മയില്‍ ജിതിന്‍ അയച്ച ഓഡിയോ സന്ദേശത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഗ്രൂപ്പുകളില്‍ വരുന്ന പല മെസേജുകളും ചിത്രങ്ങളും സാധാരണയായി ഷെയര്‍ ചെയ്യുന്നതുപോലെ കൂട്ടത്തില്‍ ഇതും പറ്റിപ്പോയതാണെന്നാണ് പൊലീസിനോട് പറഞ്ഞതെന്നും ജിതിന്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ നല്‍കിയ മൊഴി പൊലീസ് പുറത്തുവിടണമെന്നും, ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ ജിതിന്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ഓഡിയോയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞദിവസം പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ജിതിന്‍ ഭാസ്‌കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചയായതിന് തൊട്ടുപിന്നാലെയാണ് ഈ ഓഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. താന്‍ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി ഇരുന്നൂറോളം പേര്‍ക്ക് ഈ സ്‌ക്രീന്‍ഷോട്ട് അയച്ചു എന്ന ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ കോണ്‍ഗ്രസുകാരും അവരുടെ മക്കളും ഉള്‍പ്പെടെ 250ഓളം പേരുണ്ടെന്നും, അതില്‍ ഒരു പത്തുപേര്‍ക്കെങ്കിലും താന്‍ ഈ സ്‌ക്രീന്‍ഷോട്ട് അയച്ചതായി തെളിയിക്കാന്‍ സാധിക്കുമോ എന്നും ജിതിന്‍ ചോദിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാലും പാര്‍ട്ടി നേതൃത്വം വിലക്കിയതിനാലും പലതും ഇപ്പോള്‍ തുറന്നു പറയുന്നില്ലെന്നും, അത്തരത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റം താന്‍ ചെയ്തതാണെന്ന് ഉറപ്പിക്കാമെന്നും ജിതിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കേസില്‍ അടുത്തിടെയാണ് ജിതിന് കോടതി ജാമ്യം അനുവദിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment