by webdesk3 on | 14-08-2025 01:21:33
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശന കുറിപ്പ് പോസ്റ്റ് ചെയ്തതിന് സിപിഎം ഏരിയ കമ്മിറ്റിയംഗം എന്‍. രാജീവിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന രാജീവിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും, ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
കെട്ടിടം തകര്‍ന്ന സംഭവത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ നടപടികളെയും മന്ത്രിയുടെ സന്ദര്‍ശനത്തെയും വിമര്‍ശിച്ച് എന്‍. രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് വിവാദമായത്. പാര്‍ട്ടി അച്ചടക്കലംഘനമാണെന്ന് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപടി സ്വീകരിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഡബ്ല്യുസി ചെയര്‍മാനുമായ എന്‍. രാജീവ് പ്രദേശത്തെ പ്രമുഖ സിപിഎം നേതാവാണ്.
പാര്‍ട്ടി നേതാക്കള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ പ്രാധാന്യം ഈ സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്നും, പൊതുവേദികളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നത് അനുവദിക്കില്ലെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി.