by webdesk2 on | 14-08-2025 09:42:57
കേരളത്തില്‍ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി. എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളില്‍ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചു. അതേസമയം ദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെഎസ്‌യുവും വ്യക്തമാക്കിയിട്ടുണ്ട്.
കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിഭജന ഭീതി ദിനം ആചരിച്ചു. പുലര്‍ച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജില്‍ രാവിലെ 11:30 മണിക്ക് വിഭജന ഭീതി ദിനം ആചരിക്കും. ബിജെപി അനുകൂല എയ്ഡഡ്, അണ്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ കോളേജുകളില്‍ ദിനം ആചരിച്ചേക്കും.
അതേസമയം കേരള, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ ദിനാചരണത്തിന് നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. നിര്‍ദേശം ഗവര്‍ണര്‍ സ്വമേധയാ എടുത്ത തീരുമാനമെന്ന പ്രചരണത്തില്‍ രാജ്ഭവനും അതൃപ്തിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും, വിമര്‍ശിക്കുന്നത് ദുരുദ്ദേശത്തോടെയെന്നുമാണ് രാജ്ഭവന്‍ നിലപാട്.
ഓഗസ്റ്റ് പതിനാലിന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കിയത് രണ്ട് ദിവസം മുന്‍പാണ്. ഗവര്‍ണര്‍ പറയുന്ന ദിനാചരണമൊന്നും സംസ്ഥാനത്തെ കാമ്പസുകളില്‍ നടപ്പാവില്ലെന്ന് ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ നിലപാട് കോളജുകളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.