by webdesk2 on | 14-08-2025 01:06:33
കോട്ടയം: ഏറ്റുമാനൂര്‍ ജെയ്‌നമ്മ കൊലക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കേസിലെ പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
സെബാസ്റ്റ്യന്റെ വീട്ടിലെ ഡൈനിംഗ് ഹാളില്‍ നിന്നും ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 28-ന് നടത്തിയ പരിശോധനയിലാണ് ഡൈനിംഗ് ഹാളില്‍ നിന്ന് രക്തക്കറ കിട്ടിയത്. തുടര്‍ന്ന് ഓഗസ്റ്റ് 4-ന് നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തുകയായിരുന്നു.
2024 ഡിസംബര്‍ 23-നാണ് ഏറ്റുമാനൂര്‍ സ്വദേശിനിയായ ജെയ്‌നമ്മയെ കാണാതായത്. കാണാതായ ദിവസം തന്നെ ജെയ്‌നമ്മ കൊല്ലപ്പെട്ടെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഫോണിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ജെയ്‌നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റതും പണയം വെച്ചതുമായ സ്ഥാപനങ്ങളില്‍ നിന്ന് അന്വേഷക സംഘം അവ വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.