by webdesk3 on | 14-08-2025 01:28:17
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി എട്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
വധശിക്ഷയുടെ തീയതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. അതോടെയാണ് അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി വധശിക്ഷ നടപ്പാക്കാനുള്ള നിലപാട് ശക്തമാക്കി. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. പുതിയ തീയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. മധ്യസ്ഥ ശ്രമങ്ങളെയും ചര്‍ച്ചകളെയും താന്‍ പൂര്‍ണ്ണമായും തള്ളുന്നതായും അബ്ദുല്‍ ഫത്താ മെഹദി വ്യക്തമാക്കി.