by webdesk2 on | 14-08-2025 07:49:02 Last Updated by webdesk2
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നിലപാടും, ഇത് പാടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശവും കാരണം ആശയക്കുഴപ്പത്തിലായത് സര്‍വകലാശാലകളും കോളജുകളും. ഇന്ന് ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തണമെന്ന് ഓര്‍മ്മിപ്പിച്ച് രാജ്ഭവന്‍ വീണ്ടും വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയച്ചിരുന്നു. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പുതിയ കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാന്‍സലറും പാടില്ലെന്ന് പ്രോ ചാന്‍സ്ലറും നിലപാടെടുത്തിരിക്കുകയാണ്. വിഭജന ഭീതി ദിനം ആചരിച്ചാല്‍ തടയുമെന്നാണ് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാട്. ക്യാമ്പസുകളില്‍ എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് മുന്നറിയിപ്പ്.
ഗവര്‍ണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂര്‍, വിസിമാര്‍ നിര്‍ദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവില്‍ നാടകം, സെമിനാറുകള്‍ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടത്. കേരളയില്‍ എസ്എഫ്‌ഐ ഗവര്‍ണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരില്‍ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകര്‍പ്പുമായി എസ്എഫ്‌ഐ പ്രതിഷേധിച്ചു.
ഓഗസ്റ്റ് 14നാണ് രാജ്യം വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുന്നത്. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ദിനം പ്രഖ്യാപിച്ചത്. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ ജന്മദേശങ്ങളില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെട്ടവരെയും അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.