by webdesk2 on | 14-08-2025 07:58:09 Last Updated by webdesk3
വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും രാത്രി എട്ടുമണിക്കാണ് മാര്‍ച്ച്. പതിനാല് ഡിസിസികളുടെയും നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് കെ.പി.സി.സി നിര്‍ദേശം.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍വഹിക്കും. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് വയനാടും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എറണാകുളത്തും മാര്‍ച്ചിന് നേതൃത്വം നല്‍കും. രമേശ് ചെന്നിത്തല ആലപ്പുഴയിലും, കെ. സുധാകരന്‍ കണ്ണൂരിലും മാര്‍ച്ച് നയിക്കും.
അതേസമയം വോട്ട് കൊള്ളയ്ക്കും, ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുമെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. വോട്ട് ചോരി മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മെഴുകുതിരി മാര്‍ച്ചുകള്‍ നടത്തും . സംസ്ഥാന തലങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും മെഗാ റാലികള്‍. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ രാജ്യ വ്യാപകമായി ക്യാമ്പയിനുകള്‍ നടത്തും. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 5 കോടി ഒപ്പുകള്‍ ശേഖരിക്കും.