News India

പാര്‍ട്ടി വിട്ട എല്ലാവരും രാജ്യദ്രോഹികള്‍; ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ വിമതര്‍ക്ക് ധൈര്യം ഉണ്ടോ?; തുറന്നടിച്ച് മമതാ ബാനര്‍ജി

Axenews | പാര്‍ട്ടി വിട്ട എല്ലാവരും രാജ്യദ്രോഹികള്‍; ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ വിമതര്‍ക്ക് ധൈര്യം ഉണ്ടോ?; തുറന്നടിച്ച് മമതാ ബാനര്‍ജി

by webdesk2 on | 05-07-2026 12:30:06

Share: Share on WhatsApp Visits: 4


പാര്‍ട്ടി വിട്ട എല്ലാവരും രാജ്യദ്രോഹികള്‍; ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ വിമതര്‍ക്ക് ധൈര്യം ഉണ്ടോ?;  തുറന്നടിച്ച് മമതാ ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടി.എം.സി) ഭിന്നതയും അധികാരത്തര്‍ക്കവും രൂക്ഷമായ സാഹചര്യത്തില്‍ വിമത നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സുപ്രീമോയുമായ മമതാ ബാനര്‍ജി. പാര്‍ട്ടി വിട്ട വിമതരെ രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിച്ച മമത, തൃണമൂല്‍ കോണ്‍ഗ്രസിനെ താന്‍ തന്നെ മുന്നില്‍ നിന്ന് നയിക്കുമെന്നും പ്രഖ്യാപിച്ചു. തന്റെ വിശ്വസ്തയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷയുമായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചതിന് പിന്നാലെ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിമതര്‍ക്കെതിരെ മമത കടുത്ത നിലപാട് വ്യക്തമാക്കിയത്. നേതാക്കളേക്കാള്‍ തനിക്ക് പ്രിയം പാര്‍ട്ടി അണികളെയാണെന്നും, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ വിമതര്‍ക്ക് ധൈര്യമുണ്ടോ എന്നും മമത ബാനര്‍ജി ചോദിച്ചു.

അതേസമയം, പാര്‍ട്ടിയുടെ കൊല്‍ക്കത്തയിലെ സംസ്ഥാന ആസ്ഥാനമായ തൃണമൂല്‍ ഭവന്‍ വിമതര്‍ക്ക് വിട്ടുനല്‍കിയത് താനാണെന്ന മമത ബാനര്‍ജിയുടെ ആരോപണത്തില്‍ മനംനൊന്താണ് പാര്‍ട്ടി വിട്ടതെന്ന് ചന്ദ്രിമ ഭട്ടാചാര്യ പ്രതികരിച്ചു. പാര്‍ട്ടി പ്രാഥമിക അംഗത്വവും അധ്യക്ഷപദവിയും രാജിവെച്ചതിന് പിന്നാലെ നിയമസഭയിലെത്തിയ അവര്‍ വിമത നേതാക്കളുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തോട് ചന്ദ്രിമ ഭട്ടാചാര്യ അടുക്കുന്നതായാണ് നിലവിലെ സൂചനകള്‍. ചന്ദ്രിമയുടെ രാജിക്ക് പിന്നാലെ മമത ബാനര്‍ജി തന്നെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക പാര്‍ട്ടിക്കും ചിഹ്നത്തിനുമായുള്ള അവകാശവാദം രേഖാമൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ക്കും നല്‍കിയ സമയപരിധി നാളെ അവസാനിക്കുകയാണ്. എന്നാല്‍ വിമത പക്ഷത്തിന് യാതൊരുവിധ നിയമസാധ്യതയുമില്ലെന്നാണ് മമതാ ക്യാമ്പിന്റെ വാദം. ഋതബ്രത ബാനര്‍ജിയെ മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ശേഷമാണ് അവര്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതെന്നും, അതിനാല്‍ തന്നെ പാര്‍ട്ടി ചിഹ്നത്തിന്മേല്‍ വിമതര്‍ക്ക് അവകാശവാദമുന്നയിക്കാന്‍ അര്‍ഹതയില്ലെന്നും മമത അനുകൂലികള്‍ വ്യക്തമാക്കുന്നു. ഇരുപക്ഷവും കമ്മീഷന് മുന്നില്‍ നാളെ നല്‍കുന്ന വിശദീകരണങ്ങള്‍ പാര്‍ട്ടിയുടെ ഭാവിയില്‍ നിര്‍ണായകമാകും.


Share:

Search

Recent News
Popular News
Top Trending


Leave a Comment