News Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടില്‍ ഉറച്ച് സി പി ഐ

Axenews | പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടില്‍ ഉറച്ച് സി പി ഐ

by webdesk2 on | 05-07-2026 11:38:04

Share: Share on WhatsApp Visits: 6


പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടില്‍ ഉറച്ച് സി പി ഐ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഇടത് മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. പദവി വേണമെന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.ഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച വിഷയം ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ വ്യക്തമാക്കി. പദവിക്കായുള്ള തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും സി.പി.ഐ രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് പിണറായി വിജയന്‍ വ്യക്തമാക്കിയത് സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് പി.പി. സുനീര്‍ ആവശ്യപ്പെട്ടു. സി.പി.ഐ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും മുന്‍പ് കേട്ടിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ രീതിയിലുള്ള തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എം.ശ്രീയില്‍ ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ തങ്ങള്‍ കൃത്യമായി വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം സി.പി.ഐ നേതാവ് കെ. രാജനും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പദവിയെച്ചൊല്ലി സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്നണിക്ക് വലിയ തിരിച്ചടി നേരിട്ട ഈ ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന ഇത്തരം പദവി പ്രശ്‌നങ്ങളെ മുഖ്യ അജണ്ടയാക്കി മുന്നോട്ട് പോകരുതെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ആരുമായും തര്‍ക്കിക്കാമെങ്കിലും പാര്‍ട്ടി കാര്യങ്ങളില്‍ കടുംപിടിത്തം പാടില്ലെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment