News Kerala

പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

Axenews | പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

by webdesk2 on | 05-07-2026 12:05:52

Share: Share on WhatsApp Visits: 6


പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള പി.എസ്.സി പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തില്‍ മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് കടുത്ത അതൃപ്തി. ബോര്‍ഡ് യോഗം ചേര്‍ന്ന് ഐകകണ്‌ഠ്യേന എടുത്ത തീരുമാനം അട്ടിമറിച്ച്, ചെയര്‍മാന്‍ എം.ആര്‍. ബൈജു ഏകപക്ഷീയമായി ഉത്തരവ് മാറ്റിയതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ ഈ ആഭ്യന്തര ഭിന്നത ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.

തുടക്കത്തില്‍ ഈ തട്ടിപ്പിനെക്കുറിച്ച് കമ്മീഷന്റെ ആഭ്യന്തര വിജിലന്‍സ് വിഭാഗം (വിജിലന്‍സ് എസ്.പി.യുടെ നേതൃത്വത്തില്‍) വിപുലമായ അന്വേഷണം നടത്തണമെന്നായിരുന്നു ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്നുവന്ന തീരുമാനം. എന്നാല്‍ ഈ അന്വേഷണം ചെയര്‍മാന്‍ പെട്ടെന്ന് മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പരീക്ഷാ നടത്തിപ്പിന്റെയും മൂല്യനിര്‍ണയത്തിന്റെയും പൂര്‍ണ്ണ ചുമതലയുള്ള പരീക്ഷാ കണ്‍ട്രോളര്‍ക്ക് തന്നെ അന്വേഷണ ചുമതല കൈമാറി ചെയര്‍മാന്‍ ഉത്തരവിറക്കിയത്. പി.എസ്.സി സെക്രട്ടറിയെപ്പോലും അറിയിക്കാതെയായിരുന്നു ചെയര്‍മാന്റെ ഈ നീക്കങ്ങളെന്ന ആരോപണവും കമ്മീഷനുള്ളില്‍ ശക്തമാണ്.

പരീക്ഷാ നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം പരീക്ഷാ കണ്‍ട്രോളര്‍ക്കാണ് എന്നിരിക്കെ, അതേ ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷണ ചുമതലയേല്‍ക്കുന്നത് അട്ടിമറിയാണെന്ന് ഉദ്യോഗാര്‍ത്ഥികളും ആരോപിക്കുന്നു. നിലവില്‍ പി.എസ്.സിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ആക്ഷേപം. അതുകൊണ്ടുതന്നെ ക്രമക്കേടില്‍ പോലീസ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നതായാണ് സൂചനകള്‍. ഭരണഘടനാ സ്ഥാപനമായതിനാല്‍ നേരിട്ട് നടപടിയെടുക്കാന്‍ പരിമിതികളുള്ളതിനാല്‍ ആഭ്യന്തരവകുപ്പ് നിലവില്‍ നിയമപദേശം തേടിയിരിക്കുകയാണ്.

വിഷയവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് കുന്നോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ചേരുന്ന അടുത്ത മന്ത്രിസഭായോഗത്തില്‍ സര്‍ക്കാര്‍തലത്തിലുള്ള വിപുലമായ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. നിലവിലെ ആസൂത്രണ ബോര്‍ഡ് പരീക്ഷയ്ക്ക് പുറമെ, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ നടന്ന മുഴുവന്‍ പി.എസ്.സി പരീക്ഷകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പ്രതിപക്ഷ സംഘടനകളില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment