News Kerala

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Axenews | നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

by webdesk2 on | 31-05-2026 11:32:27

Share: Share on WhatsApp Visits: 5


നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

കണ്ണൂര്‍:   കണ്ണൂര്‍ മുന്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയ്ക്ക് (CBI) വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ കുടുംബം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിര്‍ണായക നീക്കമുണ്ടായത്. കേസ് സിബിഐയ്ക്ക് കൈമാറിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് തയാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി നിര്‍ദ്ദേശിച്ച നാല് പ്രധാന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി, ആവശ്യമായ രേഖാമൂലമുള്ള വിശദീകരണങ്ങളും അനുബന്ധ തെളിവുകളും ചേര്‍ത്താണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മഞ്ജുഷയുടെ വിശദമായ മൊഴിയും പുതിയ പരാതികളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേസിലെ ഏക പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ തന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ നിര്‍ണായക ആശയവിനിമയങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തുടരന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിട്ടുണ്ട്. കൂടാതെ ദിവ്യയുടെ ഫോണ്‍ രേഖകള്‍, പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടി.വി. പ്രശാന്തന്റെ സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍, സിസിടിവി ദൃശ്യങ്ങളുടെ പൂര്‍ണ്ണരൂപം, വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ എന്നിവയിലാണ് കോടതി പ്രധാനമായും വ്യക്തത തേടിയിരുന്നത്. കോടതി ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ കേസില്‍ വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സിബിഐ അന്വേഷണ പ്രഖ്യാപനം വരുന്നത്.






Share:

Search

Recent News
Popular News
Top Trending


Leave a Comment