News Kerala

ഇഡി റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍

Axenews | ഇഡി റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍

by webdesk2 on | 27-05-2026 11:32:09

Share: Share on WhatsApp Visits: 8


ഇഡി റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഇഡി നടത്തുന്ന റെയ്ഡ് വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. ഇഡി നടപടി കോണ്‍ഗ്രസ് - ബിജെപി ഡീലിന്റെ ഭാഗമാണെന്ന് സിപിഐഎം നേതാവും മന്ത്രിയുമായ എം. ബി. രാജേഷ് ആരോപിച്ചു. റെയ്ഡിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മംഗലാപുരത്തേക്ക് ചാര്‍ട്ടര്‍ വിമാനത്തില്‍ പോയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെയാണ് സതീശന്‍ പെരുമാറുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസിന് വീണ്ടും അധികാരത്തില്‍ വരാന്‍ നേരത്തെ തന്നെ ബിജെപിയുമായി ഡീല്‍ ഉണ്ടായിരുന്നുവെന്ന് എം. ബി. രാജേഷ് ആരോപിച്ചു. വി. ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ രാഷ്ട്രീയമില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നാണ് സിപിഐഎം നിലപാട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ ധനമന്ത്രിയും സിപിഐഎം നേതാവുമായ കെ. എന്‍. ബാലഗോപാലും ആരോപിച്ചു. എല്‍ഡിഎഫിനും പിണറായി വിജയനും എതിരെ കൃത്യമായ ടാര്‍ഗറ്റിങ് ആണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് എതിരെയും ബിജെപിക്കെതിരെയും ശക്തമായി അഭിപ്രായം പറയുന്നവരെ ഉന്നം വെച്ച് വേട്ടയാടുകയാണ് ഇഡി. നേരത്തെ എന്തുകൊണ്ടാണ് ഇഡി കേസ് എടുക്കാത്തത് എന്ന് ചോദിച്ച കോണ്‍ഗ്രസുകാര്‍ക്ക്, ഇപ്പോള്‍ ഡീല്‍ ആരൊക്കെ തമ്മിലാണെന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും ബാലഗോപാല്‍ പറഞ്ഞു.

വീണ വിജയന്‍ നേരത്തെ തന്നെ അന്വേഷണങ്ങളോടും ചോദ്യം ചെയ്യലിനോടും പൂര്‍ണ്ണമായി സഹകരിച്ചിട്ടുള്ളതാണെന്നും കെ. എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. അങ്ങനെയരിക്കെ ഇപ്പോള്‍ ഇത്തരമൊരു പുകമറയും റെയ്ഡ് അന്തരീക്ഷവും സൃഷ്ടിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. ഇതിന് പിന്നില്‍ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളും അജണ്ടകളുമാണെന്നും സിപിഐഎം നേതാക്കള്‍ ആരോപിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment