News Kerala

വയനാട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ടെത്തും

Axenews | വയനാട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ടെത്തും

by webdesk3 on | 07-07-2026 01:25:10

Share: Share on WhatsApp Visits: 46


 വയനാട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം,  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ടെത്തും



വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 18 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. രക്ഷപ്പെടുത്തിയ ആറുപേരെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍ കുമാര്‍  പറഞ്ഞു. സംഭവസമയത്ത് നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട ചിലര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യത്തില്‍ കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് പ്രദേശത്ത് കൂട്ടിയിട്ട നിലയിലായിരുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ തൊഴിലാളികള്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും, മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. അഞ്ചാറ് പേരെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന അനൗദ്യോഗിക വിവരവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രിയും കൃഷി മന്ത്രിയും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കനത്ത മഴയില്‍ തുരങ്കപാത നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് തൊഴിലാളികളുമായി എത്തിയ ബസിന് മുകളിലേക്ക് പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment