News Kerala

കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്

Axenews | കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്

by webdesk3 on | 02-07-2026 01:28:23

Share: Share on WhatsApp Visits: 20


 കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്


കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ വ്യാപകമായ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 30-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ജനവാസ മേഖലകളും ബഹുനില കെട്ടിടങ്ങളുമാണ് ആക്രമണത്തില്‍ വ്യാപകമായി നാശനഷ്ടമേറ്റത്.

ഇന്നലെ രാത്രി ആരംഭിച്ച ആക്രമണം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മാത്രമാണ് അവസാനിച്ചത്. റഷ്യ മനഃപൂര്‍വം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.

അതേസമയം, യുക്രെയ്നിലെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യയുടെ വിശദീകരണം. കീവിലെ ഏകദേശം മൂന്നര ഡസനോളം സ്ഥലങ്ങളില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

ഒമ്പത് നില കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും മറ്റൊരു ബഹുനില കെട്ടിടത്തിന്റെ വലിയൊരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നുവീണതായും കീവ് മേയര്‍ വിറ്റാലി ക്ലിച്ച്‌കോ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് റഷ്യ വലിയ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ ആക്രമണം ഉണ്ടായത്. അയര്‍ലന്‍ഡ് സന്ദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് അദ്ദേഹം യുക്രെയ്നിലേക്ക് മടങ്ങിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

ആക്രമണ ഭീഷണി തുടരുന്നതിനാല്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം പ്രാപിക്കണമെന്ന് യുക്രെയ്ന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment