News India

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍

Axenews | അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍

by webdesk2 on | 02-07-2026 08:10:27

Share: Share on WhatsApp Visits: 3


അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ്: അയോധ്യ രാമംക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സംഭാവനപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ചേക്കും. തട്ടിപ്പിന്റെ ആഴവും അന്തര്‍സംസ്ഥാന സാമ്പത്തിക ഇടപാടുകളും കണക്കിലെടുത്ത് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗികമായി കത്ത് നല്‍കുമെന്നാണ് വിവരം. വിശ്വാസികളെയും ഭക്തരെയും വഞ്ചിച്ച കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഒരാളെപ്പോലും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചു.

നിലവില്‍ ലഖ്നൗ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. എന്നാല്‍, സാമ്പത്തിക തട്ടിപ്പിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇഡി തന്നെ കേസ് ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ രാഷ്ട്രീയ സമ്മര്‍ദ്ദവും തട്ടിപ്പിന്റെ വ്യാപ്തിയും മുന്‍നിര്‍ത്തിയാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കുന്നതോടെ യുപി പൊലീസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡി ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യും.

അതേസമയം, നിലവിലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 15 ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ അവിനാശ് ശുക്ലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതികള്‍ ബാങ്കുകളിലെ പണം എണ്ണുന്ന ജീവനക്കാരുടെ സഹായത്തോടെ സിസിടിവി ക്യാമറകളുടെ കണ്ണുവെട്ടിച്ച് ക്ഷേത്രത്തിനുള്ളിലെ ശുചിമുറികളില്‍ പണം ഒളിപ്പിക്കുകയും പിന്നീട് ചെറിയ തുകകളായി പുറത്തേക്ക് കടത്തുകയുമായിരുന്നു എന്നാണ് കണ്ടെത്തല്‍. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതാപ്ഗഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വസ്തുവകകളും ഭൂമിയും വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സുരക്ഷാ-ഭരണ വീഴ്ചകള്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഉടന്‍ തന്നെ പുനഃസംഘടിപ്പിക്കുമെന്നും വിവരമുണ്ട്. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായ്, അനില്‍ മിശ്ര എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment