News Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തീരുമാനം പിന്‍വലിക്കണമെന്ന് വി.എം. സുധീരന്‍

Axenews | വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തീരുമാനം പിന്‍വലിക്കണമെന്ന് വി.എം. സുധീരന്‍

by webdesk3 on | 25-06-2026 01:18:16

Share: Share on WhatsApp Visits: 10


 വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തീരുമാനം പിന്‍വലിക്കണമെന്ന് വി.എം. സുധീരന്‍



തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. നികുതി ഇളവ് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയില്‍ ധനബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് വിഷയം കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പിന്‍വാതില്‍ നടപടികള്‍ പാടില്ലെന്നും പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിലവില്‍ എത്ര ബാറുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കൃത്യമായ കണക്ക് പോലും പുറത്തുവന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സുധീരന്‍, വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ മദ്യനയം രൂപീകരിക്കാവൂവെന്ന് അഭിപ്രായപ്പെട്ടു. അത്തരത്തില്‍ നയം രൂപപ്പെടുത്തിയിരുന്നെങ്കില്‍ നിലവിലെ വിവാദങ്ങളും ആശങ്കകളും ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മദ്യവ്യാപനം തടയേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് വ്യക്തമാക്കിയ സുധീരന്‍, സമൂഹത്തില്‍ ഉയര്‍ന്നിരിക്കുന്ന സംശയങ്ങളും ആശങ്കകളും ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടുത്തിയ നിര്‍ദേശം പിന്‍വലിക്കുകയും ധനബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രമേയം ഒഴിവാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ലഹരിവസ്തുക്കള്‍ക്കെതിരായ ആഭ്യന്തരവകുപ്പിന്റെ നടപടികളെ വി.എം. സുധീരന്‍ അഭിനന്ദിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി പ്രശംസനീയമാണെന്നും ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment