News Kerala

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സംസ്ഥാന കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറി പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം

Axenews | കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സംസ്ഥാന കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറി പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം

by webdesk2 on | 04-06-2026 11:13:29

Share: Share on WhatsApp Visits: 7


കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സംസ്ഥാന കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറി പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ സ്ഥിതി ഗുരുതര പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയതായും ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി വിനിയോഗിക്കപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടിയുടെ ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കിഫ്ബിക്ക് (KIIFB) ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത നിലവിലുണ്ടെന്നും, ഈ കടബാധ്യതകൾ യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ ബാധ്യതകളായി കണക്കാക്കേണ്ടതാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ട്രഷറി പ്രതിസന്ധി കടുത്ത നിലയിൽ

കേരളത്തിന്റെ ട്രഷറി കാഷ് ബാലൻസും ദ്രവ്യതാ നിലയും കഴിഞ്ഞ ഒരു ദശാബ്ദമായി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2016-17ൽ 1,950 കോടി ഉണ്ടായിരുന്ന ട്രഷറി ക്ലോസിംഗ് ബാലൻസ് 2019-20ൽ 530 കോടിയുടെ നെഗറ്റീവ് ബാലൻസായി മാറി. വരുമാന വർധനയേക്കാൾ ചെലവ് ഉയർന്നതാണ് ഇതിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

കോവിഡ് കാലത്ത് ട്രഷറി നില മെച്ചപ്പെട്ടതായി തോന്നിയെങ്കിലും അത് കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച വരുമാനക്കമ്മി ഗ്രാന്റുകളും ജിഎസ്ടി നഷ്ടപരിഹാരവും അധിക വായ്പകളും മൂലമാണെന്ന് ധവളപത്രം വ്യക്തമാക്കുന്നു. 2020-21 മുതൽ 2022-23 വരെ സംസ്ഥാനത്തിന് 77,201 കോടി കേന്ദ്രസഹായവും 86,405 കോടി വിപണി വായ്പയും ലഭിച്ചിരുന്നു.

എന്നാൽ ജിഎസ്ടി നഷ്ടപരിഹാരവും വരുമാനക്കമ്മി ഗ്രാന്റുകളും അവസാനിച്ചതോടെ 2024-25ൽ സ്ഥിതി വീണ്ടും ഗുരുതരമായി. 12 മാസങ്ങളിൽ 10 മാസവും ട്രഷറി നെഗറ്റീവ് ബാലൻസിലായിരുന്നുവെന്നും ദിനംപ്രതി ചെലവുകൾ നിറവേറ്റാൻ റിസർവ് ബാങ്കിന്റെ Ways and Means Advances (WMA), Overdraft (OD) സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവന്നുവെന്നും റിപ്പോർട്ട് പറയുന്നു.

2025-ൽ മാത്രം കേരളം 262 ദിവസം WMA-യിലും 84 ദിവസം ഓവർഡ്രാഫ്റ്റിലുമായിരുന്നു. വർഷാവസാനത്തിൽ രേഖപ്പെടുത്തിയ 2,076 കോടിയുടെ പോസിറ്റീവ് ബാലൻസ് മാർച്ച് മാസത്തിൽ മാത്രം 12,744 കോടി വായ്പ എടുത്തതിന്റെ ഫലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടിയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. KSRTC, കേരള വാട്ടർ അതോറിറ്റി (KWA) തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കായുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും കേന്ദ്രസഹായത്തിലും ഉണ്ടായ കുറവും സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചതായി വിലയിരുത്തുന്നു.

 സാമ്പത്തിക പുനരുജ്ജീവനത്തിന് നിർദേശങ്ങൾ

സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ ദീർഘകാല സാമ്പത്തിക പുനരുജ്ജീവനം സാധ്യമാകൂവെന്ന് ധവളപത്രം നിർദേശിക്കുന്നു. സാമ്പത്തിക അച്ചടക്കവും ധനകാര്യ സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment