News Kerala

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയെന്ന് യൂണിയനുകള്‍

Axenews | സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയെന്ന് യൂണിയനുകള്‍

by webdesk3 on | 25-05-2026 12:12:12

Share: Share on WhatsApp Visits: 52


 സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയെന്ന് യൂണിയനുകള്‍


കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍. പദ്ധതി നടപ്പാക്കുന്നതിലൂടെ സ്ഥാപനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സിഐടിയുവും ബിഎംഎസും രംഗത്തെത്തി.

സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയാല്‍ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആര്‍ടിസിക്ക് മൂന്ന് മാസത്തിനുള്ളില്‍ 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഈ സാമ്പത്തിക ബാധ്യത സംബന്ധിച്ച വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നാണ് വിവരം. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനച്ചെലവിനുമായി സര്‍ക്കാര്‍ പ്രതിമാസം 125 കോടിയിലധികം രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. ഇതിന് പുറമെ ടിക്കറ്റ് വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടവും സര്‍ക്കാര്‍ വഹിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 24 പേര്‍ ആത്മഹത്യ ചെയ്തിരുന്നുവെന്ന് സിഐടിയു ആരോപിച്ചു. അതേസമയം പദ്ധതി മൂലമുള്ള സാമ്പത്തിക ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്നാണ് ബിഎംഎസിന്റെ ആവശ്യം.

ജൂണ്‍ 15നകം പുതിയ സ്‌കീമിന്റെ രൂപരേഖയും സാമ്പത്തിക റോഡ് മാപ്പും തയ്യാറാക്കേണ്ടതുണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ തുടര്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിടാനാണ് വകുപ്പിന്റെ നീക്കം. അധിക സാമ്പത്തിക സഹായം ലഭിക്കുന്ന പക്ഷം പദ്ധതി നടപ്പാക്കാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment