News Kerala

നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി

Axenews | നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി

by webdesk2 on | 14-04-2026 12:16:24

Share: Share on WhatsApp Visits: 6


നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവം അത്യന്തം വേദനാജനകമാണെന്നും കുറ്റക്കാർക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗമന കേരളത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഒരു മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കേരളം ഒന്നാകെ ആ കുടുംബത്തിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അംബേദ്കർ ജയന്തി ദിനത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഇനിയും പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നിലവിലുള്ള യു.ജി.സി മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ജാതീയത തലപൊക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഒരു സമൂഹമെന്ന നിലയിൽ നാം ആർജിച്ച മൂല്യങ്ങൾ പരിശോധിക്കപ്പെടേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങൾ മുറുകെ പിടിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാതിവിവേചനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ നാമെല്ലാവരും ഒരുമിച്ച് നിലകൊള്ളണം. സമത്വത്തിലും സാമൂഹ്യനീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറുടെ സ്മരണകൾ നമുക്ക് കരുത്തുപകരട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment