News Kerala

തൃപ്പൂണിത്തുറയില്‍ കെ.ബാബു മത്സരിച്ചേക്കില്ല; പകരം ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്

Axenews | തൃപ്പൂണിത്തുറയില്‍ കെ.ബാബു മത്സരിച്ചേക്കില്ല; പകരം ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്

by webdesk2 on | 13-01-2026 08:00:13 Last Updated by webdesk3

Share: Share on WhatsApp Visits: 8


തൃപ്പൂണിത്തുറയില്‍ കെ.ബാബു മത്സരിച്ചേക്കില്ല;   പകരം ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എ കെ.ബാബു മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായില്ല. മുന്‍പത്തെപ്പോലെ രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്ത കെ. ബാബുവിന്റെ മനസ്സ് അറിഞ്ഞതിനുശേഷം മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം എടുക്കാവൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ബാബു വിട്ടുനില്‍ക്കുകയാണെങ്കില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു, നടന്‍ രമേശ് പിഷാരടി, കെപിസിസി വക്താവ് രാജു പി. നായര്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പകരക്കാരായി പരിഗണിക്കുന്നത്.

മറുഭാഗത്ത്, കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ അതിശക്തമായ തന്ത്രങ്ങളാണ് എല്‍ഡിഎഫ് മെനയുന്നത്. കൊച്ചി മുന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറിനെയാണ് സിപിഎം പ്രധാനമായും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരസഭാ ഭരണത്തിലെ പരിചയസമ്പത്തും ജനകീയ മുഖവും അനില്‍കുമാറിന് തുണയാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം, കഴിഞ്ഞ തവണ പരാജയപ്പെട്ട എം. സ്വരാജ് വീണ്ടും മത്സരരംഗത്തിറങ്ങാനുള്ള സാധ്യതയും പാര്‍ട്ടി പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല.

മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ശക്തിയായി ബിജെപി വളര്‍ന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം പിടിച്ചെടുത്ത ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. മരട് നഗരസഭയും കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നില്‍ക്കുമ്പോഴും നഗരസഭയിലെ ബിജെപിയുടെ മുന്നേറ്റം ഇടത്-വലത് മുന്നണികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎമ്മും കോണ്‍ഗ്രസും. ഈ സാഹചര്യത്തില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കൊച്ചി കോര്‍പ്പറേഷന്റെ ഒന്‍പത് ഡിവിഷനുകളും രണ്ട് നഗരസഭകളും രണ്ട് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറയില്‍ ഇത്തവണ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് നിലനില്‍ക്കുന്നത്. കെ. ബാബുവിന്റെ പകരക്കാരനെ കണ്ടെത്തേണ്ടി വന്നാല്‍ അത് യുഡിഎഫിന് വെല്ലുവിളിയാകുമോ അതോ അനില്‍കുമാറിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകള്‍ ആരുടെ വിജയത്തെ ബാധിക്കുമെന്നതും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും.





Share:

Search

Recent News
Popular News
Top Trending


Leave a Comment