News Kerala

സഖാവ് പറഞ്ഞപ്പോള്‍ ഒപ്പിടുക മാത്രമാണ് ചെയ്തത്; എ പത്മകുമാറിനെ പഴിച്ച് എന്‍ വിജയകുമാറിന്റെ മൊഴി

Axenews | സഖാവ് പറഞ്ഞപ്പോള്‍ ഒപ്പിടുക മാത്രമാണ് ചെയ്തത്; എ പത്മകുമാറിനെ പഴിച്ച് എന്‍ വിജയകുമാറിന്റെ മൊഴി

by webdesk2 on | 30-12-2025 08:10:06

Share: Share on WhatsApp Visits: 7


സഖാവ് പറഞ്ഞപ്പോള്‍ ഒപ്പിടുക മാത്രമാണ് ചെയ്തത്; എ പത്മകുമാറിനെ പഴിച്ച് എന്‍ വിജയകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ബോര്‍ഡ് അംഗം എന്‍. വിജയകുമാറിന്റെ മൊഴി. സ്വര്‍ണ്ണപ്പാളികള്‍ പുതുക്കണമെന്ന നിര്‍ദ്ദേശം ബോര്‍ഡില്‍ മുന്നോട്ടുവെച്ചത് പത്മകുമാറാണെന്നും, അദ്ദേഹം പറഞ്ഞതനുസരിച്ച് രേഖകള്‍ വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്നും വിജയകുമാര്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

കാര്യങ്ങളെല്ലാം പത്മകുമാറിന് അറിയാമായിരുന്നുവെന്നും സഖാവ് പറഞ്ഞതുകൊണ്ടാണ് താന്‍ ഒപ്പിട്ടതെന്നും വിജയകുമാര്‍ മൊഴി നല്‍കി. സര്‍ക്കാരിന് കൂടുതല്‍ നാണക്കേടുണ്ടാക്കാതിരിക്കാനാണ് താന്‍ കീഴടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിജയകുമാറിന്റെ മൊഴി പോലീസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല. ജുഡീഷ്യല്‍ റിമാന്‍ഡിലുള്ള അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ദേവസ്വം മാനുവല്‍ തിരുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാറും വിജയകുമാറും കെ.പി. ശങ്കരദാസും ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിറ്റ്‌സിലെ തിരുത്തലുകളെക്കുറിച്ച് പത്മകുമാര്‍ മറ്റു രണ്ടുപേരെയും അറിയിച്ചിരുന്നു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് നല്‍കിയതെന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഇവര്‍ പത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്‌ഐടി ആരോപിക്കുന്നു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ മോഷണം പോയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് സാധ്യത.



Share:

Search

Recent News
Popular News
Top Trending


Leave a Comment