News Kerala

ബിനാമി ഇടപാടില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; പി വി അന്‍വറിന് നോട്ടീസ് അയച്ച് ഇഡി

Axenews | ബിനാമി ഇടപാടില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; പി വി അന്‍വറിന് നോട്ടീസ് അയച്ച് ഇഡി

by webdesk2 on | 29-12-2025 11:18:13

Share: Share on WhatsApp Visits: 3


ബിനാമി ഇടപാടില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; പി വി അന്‍വറിന് നോട്ടീസ് അയച്ച് ഇഡി

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്‌സി) നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പ തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കി. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.

2025 നവംബറില്‍ പി.വി. അന്‍വറിന്റെ എടവണ്ണയിലെ വസതിയിലും സ്ഥാപനങ്ങളിലും ഇഡി വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വായ്പാ തുക വിനിയോഗിച്ചതിലും അന്‍വറിന്റെ ആസ്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ വന്‍ വര്‍ധനവിലും ഇഡി ദുരൂഹത സംശയിക്കുന്നുണ്ട്.

2016-ല്‍ 14 കോടിയായിരുന്ന അന്‍വറിന്റെ ആസ്തി 2021-ല്‍ 64 കോടിയായി ഉയര്‍ന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.  ഒരേ ഭൂമി തന്നെ ഈട് നല്‍കി ചുരുങ്ങിയ കാലയളവില്‍ ഒന്നിലധികം വായ്പകള്‍ കെഎഫ്‌സിയില്‍ നിന്ന് തരപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചട്ടങ്ങള്‍ മറികടന്നാണ് വായ്പകള്‍ അനുവദിച്ചതെന്നാണ് ഇഡിയുടെ ആരോപണം. പി വി ആര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിക്കായി ഈ തുക വകമാറ്റിയതായും അന്വേഷണസംഘം കരുതുന്നു.

വിഷയത്തില്‍ പ്രതികരിച്ച പി.വി. അന്‍വര്‍, താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെഎഫ്‌സിയില്‍ നിന്ന് എടുത്ത വായ്പകളില്‍ വലിയൊരു ഭാഗം തിരിച്ചടച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.


Share:

Search

Recent News
Popular News
Top Trending


Leave a Comment