by webdesk3 on | 24-08-2025 12:33:43
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ശബ്ദരേഖ ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വിഷയത്തെ വസ്തുനിഷ്ഠമായി പഠിച്ച ശേഷമേ പാര്‍ട്ടി തീരുമാനം എടുക്കുകയുള്ളൂവെന്നും ഒരിക്കലും കുറ്റാരോപിതനെ രക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആദ്യം രേഖാമൂലമുള്ള പരാതിയില്ലാത്ത സാഹചര്യത്തില്‍ പൊതുരംഗത്തെ ധാര്‍മ്മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടികളൊന്നും വേണ്ടെന്ന് കരുതിയെങ്കിലും, ഇപ്പോള്‍ പുറത്ത് വന്ന ശബ്ദരേഖകള്‍ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്താം, എന്നും മുരളീധരന്‍ വ്യക്തമാക്കി.
ആരും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പലപ്പോഴും സംഭവിക്കുന്നത്. മുകേഷിന്റെ വിഷയത്തില്‍ പോലും പാര്‍ട്ടി മാറിനിന്നിട്ടില്ല. കോണ്‍ഗ്രസ് മാതൃകാപരമായ നിലപാടാണ് സ്വീകരിക്കുക. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടി വിശാലമായ സമീപനമാണ് സ്വീകരിച്ചത്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.