by webdesk3 on | 07-10-2025 12:48:29
പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഉണ്ടായ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പ്രതിഷേധം. തേക്കുവട്ട സ്വദേശിയായ ശാന്തകുമാര്‍ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ പ്രദേശത്ത് നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. താവളം-മുള്ളി റോഡിലൂടെയാണ് ശാന്തകുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്. അപ്രതീക്ഷിതമായി ആന ആക്രമിക്കുകയും, വണ്ടിയടക്കം ചവിട്ടുകയും ചെയ്തു.
പരിക്കേറ്റ് ശാന്തകുമാറിനെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയില്‍ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.