by webdesk2 on | 24-08-2025 12:09:22 Last Updated by webdesk2
ഡല്‍ഹി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. കെപിസിസിയുടെ ഈ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതോടെ രാഹുലിന്റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്നും സൂചനയുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നും അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമോയെന്നും നേതൃത്വത്തില്‍ ആശങ്കയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാലക്കാട് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും, ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.
എന്നാല്‍, രാഹുല്‍ രാജിവെച്ചാല്‍ എതിരാളികള്‍ക്കു മേല്‍ മുന്‍തൂക്കം നേടാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്. വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവരും ഇതേ നിലപാടിലാണ്. അതേസമയം, രാജി ആവശ്യപ്പെടുന്നത് കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷവും പറയുന്നു.
പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ അടൂരിലെ വസതിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, പ്രതിഷേധ സാധ്യത ഇല്ലാത്തതിനാല്‍ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡുകള്‍ പോലീസ് എടുത്തുമാറ്റി. എന്നാല്‍, വീടിന് ഏര്‍പ്പെടുത്തിയ സുരക്ഷ തുടരും.