by webdesk2 on | 24-08-2025 07:36:01 Last Updated by webdesk2
സമീപകാലത്തെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ കോണ്‍ഗ്രസ് നേരിടുന്നത്. സാങ്കേതികത്വങ്ങള്‍ പറഞ്ഞു പോലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് നേതൃത്വത്തിനും ഉറപ്പായി. എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം ശക്തമാക്കി. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിവാദങ്ങള്‍ കെട്ടടങ്ങും വരെ അടൂരിലെ വീട്ടില്‍ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം.
രാഹുലിന്റെ രാജി ചോദിച്ചു വാങ്ങണമെന്ന പക്ഷക്കാരാണ് പ്രധാന നേതാക്കളെല്ലാം. ഷാഫി പറമ്പില്‍ മാത്രമാണ് രാഹുല്‍ രാജിവെക്കേണ്ടതില്ല എന്ന് നിലപാടെടുത്തിട്ടുള്ളത്. വി.ഡി സതീശനാണ് രാഹുലിനെതിരെ ഏറ്റവും കടുത്ത നിലപാടെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ടീമിനെ നയിച്ച് നിയമസഭാ സമ്മേളനത്തിലേക്ക് പോകാന്‍ കഴിയില്ല എന്നാണ് വി.ഡി സതീശന്റെ നിലപാട്. ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തേയും അറിയിച്ചുവെന്നാണ് സൂചന.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയും തര്‍ക്കം തുടരുകയാണ്. നോമിനികളെ മുന്നോട്ട് വച്ച നേതാക്കള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സംഘടനാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തയാള്‍ അധ്യക്ഷനായി വന്നാല്‍ കടുത്ത നടപടിയെന്നാണ് അബിന്‍ വര്‍ക്കിയുടെ മുന്നറിയിപ്പ്.