by webdesk2 on | 23-08-2025 10:03:55 Last Updated by webdesk2
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സെക്രട്ടറിയുടെ ശബ്ദ സന്ദേശം. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റേതാണ് സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു.
ജില്ലാ ഭാരവാഹികളില്‍ 70% പേര്‍ക്കും പരിചയമുള്ള പെണ്‍കുട്ടികള്‍ക്ക് രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ് പറഞ്ഞു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാന്‍ നമുക്ക് സമയമില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
അതേസമയം, രാഹുലിന്റെ രാജിക്കായി സമ്മര്‍ദം മുറുകയാണ്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാന്‍ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികള്‍ വന്നേക്കുമെന്നും സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.