by webdesk2 on | 23-08-2025 12:14:55 Last Updated by webdesk2
തിരുവനന്തപുരം: ലൈംഗിക സന്ദേശ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഈ വിഷയത്തില്‍ പോലീസിലോ പാര്‍ട്ടിയിലോ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് അവര്‍ അറിയിച്ചു. ആരോപണത്തെ വിമര്‍ശിക്കുന്നവര്‍ സ്വന്തം പാര്‍ട്ടികളിലെ നിലപാടുകള്‍ പരിശോധിക്കണമെന്നും ദീപാ ദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. സാങ്കേതികത്വം പറഞ്ഞ് രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഔദ്യോഗികമായി പരാതിയും കേസുമില്ലെങ്കില്‍പ്പോലും രാജി ആവശ്യപ്പെടേണ്ടതില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്.
ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഭാരവാഹികള്‍ക്ക് പുറത്ത് നിന്നുള്ള ഒരാള്‍ വരണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് എല്‍.ഡി.എഫ്, ബി.ജെ.പി. പാര്‍ട്ടികളുടെ നീക്കം.
പരാതിക്കാരിയായ ഹണി ഭാസ്‌കരന്റെ സൈബര്‍ ആക്രമണ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. രാഹുലിന് പറയാനുള്ളത് കൂടി കേള്‍ക്കും. നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.