by webdesk2 on | 22-08-2025 09:00:28
റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) കേരള സര്‍വകലാശാലയുടെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പാഠ്യവിഷയം. സര്‍വകലാശാലയുടെ നാല് വര്‍ഷ ബിരുദ കോഴ്സിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ എന്ന പേപ്പറിലാണ് വേടനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന വേടന്റെ സംഗീതത്തെക്കുറിച്ചാണ് പാഠഭാഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഡികോഡിങ് ദി റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന പഠന ലേഖനത്തിലാണ് വേടനെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.
തന്റെ റാപ്പുകളിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ശബ്ദം നല്‍കുന്ന കലാകാരനാണ് വേടനെന്നും, മലയാള റാപ്പ് ഗാനശാഖയില്‍ പ്രതിരോധത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടന്‍ മാറിയെന്നും ലേഖനം പറയുന്നു.
നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയും വേടന്റെ റാപ്പുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ മൂന്നാം സെമസ്റ്റര്‍ പഠനം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത സെമസ്റ്ററുകളില്‍ ഈ പേപ്പര്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും.