by webdesk2 on | 22-08-2025 08:07:16
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കണമെന്ന് ബിജെപി. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവി മാത്രം രാജിവച്ചതുകൊണ്ട് രാഹുലിനെതിരായ പ്രതിഷേധം അവസാനിക്കില്ലെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് വേണ്ടാത്ത സാധനങ്ങള്‍ വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയല്ല പാലക്കാടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ബിജെപിയുടെ കനത്ത പ്രതിഷേധത്തിനായിരുന്നു പാലക്കാട് വേദിയായത്. പൂവന്‍ കോഴിയെ പാലക്കാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എം എല്‍ എ ഓഫീസിലേക്ക് റാലികള്‍ നടന്നു.
ബിജെപി കനത്ത സമരവുമായി രംഗത്തിറങ്ങിയതോടെ സിപിഎമ്മും യുവജന സംഘടനകളും കളത്തിലെത്തിയിട്ടുണ്ട്. അവരും ഈ ആവശ്യവുമായി പ്രതിഷേധം തുടരാനാണ് നീക്കം. പെണ്‍ വേട്ടക്കാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടി പദവി മാത്രം ഒഴിഞ്ഞാല്‍ പോരെന്നാണ് സിപിഎമ്മിന്റെയും ബിജെപിയുടേയും നിലപാട്. മുകേഷ് എം എല്‍ ക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞിരുന്നില്ലെന്നത് ചൂണ്ടി കാട്ടി പ്രതിരോധിക്കാനാണ് രാഹുലിന്റെ ക്യാമ്പ് ഒരുങ്ങുന്നത്.