by webdesk2 on | 22-08-2025 07:48:46
രാഹുലിനെതിരായ ആരോപണങ്ങള്‍ സമിതിയെ നിയോഗിച്ച് പരിശോധിക്കാന്‍ ധാരണയായി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സംഘടനനാപരമായ നടപടി മാത്രം മതിയെന്നും ധാരണ. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് ധാരണയായി. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തേണ്ട എന്നാണ് നിര്‍ദേശം.
അതിനിടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലിയാണ്. കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ബിനു ചുള്ളിയിലിനെ നിയോഗിക്കണമെന്നാണ് കെ.സി വേണുഗോപാലിന്റെ ആവശ്യം. ബിനു ചുള്ളിയിലിനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനും ആരംഭിച്ചു. അബിന്‍ വര്‍ക്കി അല്ലാതെ മറ്റൊരു പേരും പരിഗണിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല.
സംഘടനാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മത്സരിച്ച അബിന്‍ വര്‍ക്കി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ രണ്ടാമതെത്തിയിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ മാറിയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ഉപാധ്യക്ഷനെ പരിഗണിക്കുക എന്നത് സ്വാഭാവിക നീതി എന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷം. മുന്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന് എ ഗ്രൂപ്പ് പിന്തുണയുണ്ട്. എം.കെ രാഘവന്‍ എംപി അഭിജിത്തിനായി നേരിട്ട് രംഗത്തുണ്ട്.