by webdesk3 on | 21-08-2025 11:32:05 Last Updated by webdesk3
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മാങ്കൂട്ടത്തില്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചു. രാഹുലിനെ ഇനി ചേര്‍ത്തുപിടിക്കാന്‍ കഴിയില്ലെന്നും നടപടി വേണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ രാഹുലിനെ പിന്തുണച്ചിരുന്നത് വിഡി സതീശനായിരുന്നു. സഹോദരനെപ്പോലെ കരുതുന്നുവെന്ന് നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അശ്ലീല സന്ദേശ വിവാദത്തെ തുടര്‍ന്നു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് രാഹുലിന് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായതോടെയാണ് രാജി ആവശ്യപ്പെട്ടത്. എഐസിസി നേരിട്ട് ഇടപെട്ട്, പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ സംസ്ഥാന നേതൃത്വത്തിനും കൈമാറിയതായി സൂചനയുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം പുനഃസംഘടനയോടൊപ്പം മുന്നോട്ട് പോകുന്നു. എന്നാല്‍, രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനുള്ള സാധ്യതകളും പാര്‍ട്ടി പരിഗണനയിലാണ്.