by webdesk2 on | 21-08-2025 10:51:01 Last Updated by webdesk3
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചേക്കും. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരായ ദേശീയ നേതൃത്വത്തിന്റെ നടപടി. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണില്‍ നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ടത്.
അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ കെ.പി.സി.സി ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍, എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.
തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നും വിലയിരുത്തലുണ്ടായി. അതേ സമയം, രാഹുല്‍ എംഎല്‍എ ആയി തുടരുമെന്നാണ് വിവരം.