by webdesk2 on | 21-08-2025 07:46:48
ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ ഘട്ട ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍. സെയ്തൂണ്‍, ജബാലിയ മേഖലയിലേക്ക് തങ്ങളുടെ സൈന്യം നീങ്ങിക്കഴിഞ്ഞെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കറ്റ്‌സ് സ്ഥിരീകരിച്ചു. ഇസ്രയേലിന് ഗസയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്നും നേരത്തെ തന്നെ ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. 60,000ത്തോളം വരുന്ന കരുതല്‍ സൈനികരെ സെപ്റ്റംബര്‍ ആരംഭത്തോടെ ഗാസയില്‍ വിന്ന്യസിക്കുമെന്ന് ഇന്നലെ തന്നെ ഇസ്രയേല്‍ അറിയിച്ചിരുന്നു.
സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാല്‍ ആയിരക്കണക്കിന് പലസ്തീനികള്‍ ഗസ സിറ്റിയില്‍ നിന്ന് തെക്കന്‍ ഗസയിലേക്ക് നീങ്ങേണ്ടിവരും. ഇസ്രയേല്‍ തീരുമാനം പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. വെടിനിര്‍ത്തല്‍ ധാരണകള്‍ക്ക് തയ്യാറാകാതെ നിഷ്‌കളങ്കരായ ജനങ്ങള്‍ക്കുമേല്‍ ക്രൂരമായ യുദ്ധം തുടരാനാണ് ഈ നീക്കത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു.
നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരം ഗാസ ഭരിക്കാന്‍ രൂപീകരിക്കുന്ന ഏതൊരു സേനയെയും ഒരു അധിനിവേശ സേനയായി കണക്കാക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി ബന്ധമുള്ള ഏതൊരു ഭരണകൂടത്തിനും പലസ്തീനികള്‍ക്കിടയില്‍ വിശ്വാസം നേടാന്‍ കഴിയില്ലെന്നും ഇത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.