by webdesk2 on | 20-08-2025 05:50:45
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നല്‍കി എന്നത് മാത്രം ക്രിമിനല്‍ കുറ്റത്തിന് കാരണമായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി.തിങ്കളാഴ്ചയ്ക്കുള്ളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയ്ക്ക് കോടതി നിര്‍ദേശം നല്‍കി.
പ്രതി മുന്‍കൂര്‍ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിക്ക് തീരുമാനം പറയേണ്ടതുണ്ടെന്നും കേസ് നീട്ടികൊണ്ടുപോകാന്‍ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായ വസ്തുതകള്‍ മാത്രമാണ് കോടതിക്ക് പരിശോധിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിയുടെ വിഷാദ രോഗം എപ്പോഴാണ് തുടങ്ങി എന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി പറഞ്ഞു. സ്‌നേഹ ബന്ധത്തിലെ തകര്‍ച്ച മാത്രം വിഷാദ രോഗത്തിന് കാരണമായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് ഒരു കാരണം മാത്രമാണെന്നും മറ്റ് കാരണങ്ങള്‍ കൊണ്ട് ഉണ്ടായിക്കൂടെയെന്നും കോടതി ചോദിച്ചു.
വേടന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പരാതിക്കാരി കോടതിയില്‍ വാദിച്ചു. ഒരുപാട് യുവതികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വേടനെതിരെ നിരവധി പേരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ടെന്ന് അഭിഭാഷക വാദിച്ചു.
പരാതിക്കാരിയുടെ അഭിഭാഷകയെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ മാത്രം പറയരുത് എന്നും പരാതിക്കാരിയുടെ മൊഴി കോടതിക്ക് മുമ്പിലുണ്ടെന്നും കോടതി പറഞ്ഞു. മൂന്നാമത് ഒരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ കോടതിയില്‍ പറയേണ്ടതില്ല എന്നും കോടതി അഭിഭാഷകയോട് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ കോടതികള്‍ പരിഗണിക്കാറുണ്ടെന്നും തെളിവ് ഹാജരാക്കാന്‍ ബുധനാഴ്ച വരെ പരാതിക്കാരി സമയം ചോദിച്ചെങ്കിലും തിങ്കളാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.