by webdesk2 on | 20-08-2025 05:04:28
ന്യൂഡല്‍ഹി : യുഎസ് അധിക നികുതി ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ഉത്പന്നങ്ങളെ റഷ്യൻ വിപണിയിലേക്ക് ക്ഷണിച്ച് റഷ്യ. ഡൽഹിയിലെ റഷ്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റൊമൻ ബബുഷ്‌കിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയതിന് ഇന്ത്യയ്ക്കെതിരെ യുഎസ് 25 ശതമാനം നികുതി ചുമത്തിയ നടപടി ശരിയല്ലെന്നും ബബുഷ്‌കിൻ പറഞ്ഞു.
ഇന്ത്യയെ ഒരു സുഹൃത്തായി കാണുന്നുണ്ടെങ്കിൽ യുഎസ് ഇങ്ങനെ പെരുമാറില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബാഹ്യ സമ്മർദ്ദങ്ങൾ ഇല്ലാതെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജ്ജ സഹകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ സംബന്ധിച്ച് ഇത് ഒരു വെല്ലുവിളിയുള്ള സമയമാണെങ്കിലും, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.
റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്‌ക്കെതിരെ യുഎസ് 25 ശതമാനം നികുതി ചുമത്തിയത്. ഇതിനുപുറമെ മറ്റൊരു 25 ശതമാനം നികുതി കൂടി ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയിരുന്നു.