by webdesk2 on | 19-08-2025 02:21:32
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രിംകോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.ഇന്ത്യാ മുന്നണി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
ആശയപരമായ യുദ്ധമാണ് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണ് ബി സുദര്‍ശന്‍ റെഡ്ഡി എന്നും എല്ലാവരും ഈ പേരിനെ അംഗീകരിച്ചുവെന്നും ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. 21ന് നോമിനേഷന്‍ സമര്‍പ്പിക്കുമെന്ന് ഇന്ത്യാ സഖ്യം അറിയിച്ചു.
1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദര്‍ശന്‍ റെഡ്ഡിയുടെ ജനനം. 1971 ല്‍ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ചേര്‍ന്നു. 1988 മുതല്‍ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനായും 1990 ല്‍ 6 മാസം കേന്ദ്ര സര്‍ക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട്, 2005 ഡിസംബര്‍ 5 ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതല്‍ 2011 ജൂലൈ 8 വരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
തമിഴ്നാട്ടില്‍ നിന്നുള്ള സി പി രാധാകൃഷ്ണനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള രണ്ട് പേര്‍ തമ്മിലായിരിക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം.