by webdesk3 on | 19-08-2025 11:49:19 Last Updated by webdesk2
മഹാരാഷ്ട്രയില്‍ വ്യാപകമായ മഴ തുടരുന്നതിനിടെ 16 ജില്ലകളില്‍ സ്ഥിതിഗുരുതരമായി. സംസ്ഥാനത്ത് 6 പേര്‍ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. മുംബൈയും സമീപപ്രദേശങ്ങളും ഉള്‍പ്പെടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു.
മുംബൈ, താനെ, രത്‌നഗിരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിക്രോളിയിലെ മണ്ണിടിച്ചിലില്‍ ഒരേ കുടുംബത്തിലെ രണ്ടുപേര്‍ മരിക്കുമ്പോള്‍, നാന്ദേഡില്‍ മൂന്നുപേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
വെള്ളപ്പൊക്കത്തില്‍ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. മഴ മൂലം മുംബൈയിലെ റെയില്‍, ബസ് ഗതാഗതം രണ്ടുദിവസമായി തടസ്സപ്പെട്ടിട്ടുണ്ട്. ദാദര്‍, കുര്‍ള, സയണ്‍, ചുനാഭട്ടി, തിലക് നഗര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേ സര്‍വീസുകള്‍ താറുമാറായി.
ലാത്തൂരില്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. തെര്‍ണ അണക്കെട്ടിന്റെ പത്ത് ഗേറ്റുകള്‍ തുറന്ന് വെള്ളം നദിയിലേക്ക് ഒഴുക്കിയതോടെ തെര്‍ണ, മഞ്ജര നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറും ഇതേ സാഹചര്യം തുടരുമെന്ന മുന്നറിയിപ്പോടെയാണ് കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രത്‌നഗിരി, സിന്ധുദുര്‍ഗ്, കോലാപ്പൂര്‍ ജില്ലയിലെ ഘട്ട് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 19ന് കനത്ത മഴയ്ക്കുള്ള സാധ്യതയും ഉയര്‍ന്നിട്ടുണ്ട്.