by webdesk2 on | 19-08-2025 11:32:26 Last Updated by webdesk3
ഹിമാചല്‍ പ്രദേശ്: ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം. കുളുവില്‍ പുലര്‍ച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടം. കുളുവിലെ ലാഗ് താഴ്‌വരയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടായ പേമാരിയില്‍ റോഡുകളും വീടുകളും തകര്‍ന്നു. കടകളും കെട്ടിടങ്ങളും വാഹനങ്ങളും മേഘവിസ്‌ഫോടനത്തില്‍ ഒലിച്ചുപോയി. കൃഷിനാശമുണ്ടായതായും പ്രദേശവാസികള്‍ പറയുന്നു.
ദുര്‍ഘട പ്രദേശത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിലടക്കം തടസം നേരിടുകയാണ്. ആള്‍നാശം സംഭവിച്ചതായി ഇതുവരെയും റിപ്പോര്‍ട്ടുകളില്ല. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ രണ്ട് ദേശീയപാതകളടക്കം 389 റോഡുകള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി-കുടിവെള്ള വിതരണം തടസപ്പെട്ട നിലയിലാണ്.
അതേസമയം ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്ഫോടനവും അനുഭവപ്പെടുന്നതിനിടെ ഭൂചലനവും ഉണ്ടായി. ഇന്ന് രാവിലെ അസമിലെ നാഗോണില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ മാസം സംസ്ഥാനത്തെ ഏഴാമത്തെയും ജില്ലയിലെ മൂന്നാമത്തെയും ഭൂകമ്പമാണിത്.