by webdesk2 on | 19-08-2025 11:24:40 Last Updated by webdesk3
കാസര്‍ഗോഡ്: കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്ത കേസില്‍ ആരോപണ വിധേയനായ പ്രധാനാധ്യാപകന്‍ എം. അശോകന്‍ അവധിയെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം, പാഠപുസ്തകങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് അവധിയെടുത്തതല്ലെന്നും അത് പതിവ് ജോലിയാണെന്നുമാണ് അശോകന്റെ വിശദീകരണം. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്നും വിശദമായ അന്വേഷണത്തിനുശേഷം മാത്രം നടപടി മതിയെന്നുമാണ് പോലീസിന്റെ തീരുമാനം.
സംഭവത്തില്‍ ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നേടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അശോകന്‍ പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ അസംബ്ലി നടക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഹെഡ്മാസ്റ്റര്‍ എം. അശോകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവ് കൃഷ്ണ കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചു. ഇത് കണ്ട അദ്ധ്യാപകന്‍ കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റ് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മുന്നില്‍വെച്ച് അടിക്കുകയും ചെയ്തു. അസംബ്ലിക്ക് ശേഷം കുട്ടി വേദനകൊണ്ട് കരഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ചെവിയിലെ വേദന കൂടിയതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കര്‍ണപുടം പൊട്ടി എന്ന് സ്ഥിരീകരിക്കുകയായിരുന്നു.