by webdesk3 on | 18-08-2025 01:45:36 Last Updated by webdesk3
കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അധ്യാപകന്‍ അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈല്‍ പോലീസ് നോഡല്‍ ഓഫീസറോടും അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നാളെ കുട്ടിയുടെ വീട്ടില്‍ കമ്മീഷന്‍ സന്ദര്‍ശിക്കും.
സംഭവത്തില്‍ അധ്യാപകന്‍ അടിച്ചതായി സമ്മതിച്ചതായി പിടിഎ പ്രസിഡന്റ് എം. മാധവന്‍ അറിയിച്ചു. എന്നാല്‍ അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്നും കുട്ടിക്ക് ചികിത്സാ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ ഇന്ന് സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷവും ഉണ്ടായി.