by webdesk3 on | 18-08-2025 01:35:29 Last Updated by webdesk3
കത്ത് ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. അസംബന്ധങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശദമായ അന്വേഷണം നടത്തിയിട്ടാണ് കാര്യങ്ങള്‍ വ്യക്തമാക്കാനാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയിലാണ് ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടത്. ഇതോടെ പാര്‍ട്ടി പ്രതിരോധത്തിലാവുകയാണ്. സാമ്പത്തിക കുറ്റങ്ങളില്‍ ആരോപണവിധേയനായ രാജേഷ് കൃഷ്ണയുമായുള്ള സിപിഐഎം നേതാക്കളുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ പാര്‍ട്ടിയോ പൊലീസോ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.
2023-ല്‍ പൊലീസിന് സമര്‍പ്പിച്ച പരാതിയില്‍ മന്ത്രിമാരടക്കം നിരവധി നേതാക്കളുടെ പേരുകളുണ്ട്. ഡോ. ടി.എം. തോമസ് ഐസക്, എം.ബി. രാജേഷ്, പി. ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് പരാതിയില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍.
അതേസമയം, കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട പണമിടപാട് ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയാണ് പുറത്തായത് എന്നാരോപണം യോഗത്തില്‍ ചര്‍ച്ച ആകുമെന്നാണ് സൂചന.