by webdesk3 on | 17-08-2025 02:56:20
പാറ്റ്‌ന: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ അനിയമങ്ങള്‍ക്കും എതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നേതൃത്വം നല്‍കുന്ന വോട്ടര്‍ അധികാര്‍ യാത്ര ബിഹാറിലെ സസാറത്തില്‍ നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ 13 കേന്ദ്രങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപിക്കും.
യാത്രയിലുടനീളം കേന്ദ്ര സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ശക്തമായി വിമര്‍ശിക്കാനാണ് തീരുമാനം. ഇന്ത്യാ സഖ്യത്തിലെ നേതാക്കളും യാത്രയില്‍ പങ്കുചേരും.
ഭരണഘടനയെ സംരക്ഷിക്കുന്നതിനായുള്ള യുദ്ധമാണിത്, എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ അദ്ദേഹം വീണ്ടും ഉന്നയിച്ചു. മഹാരാഷ്ട്രയില്‍ മാത്രം ഒരു കോടി പുതിയ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്നും, ഉയര്‍ന്ന സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കള്ളവോട്ടുകളിലൂടെയാണ് ബിജെപി വിജയം നേടുന്നതെന്നും, കമ്മീഷന്‍ സിസിടിവി ദൃശ്യങ്ങളോ മറ്റ് ഡിജിറ്റല്‍ തെളിവുകളോ നല്‍കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. ബിഹാര്‍ ജനത വോട്ട് മോഷണം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഹാറില്‍ മാത്രമല്ല, അസം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വോട്ട് മോഷണം നടന്നുവെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.