by webdesk3 on | 17-08-2025 02:43:51 Last Updated by webdesk3
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കിഷ്ത്വാറിന് പിന്നാലെ കത്വയിലും മേഘവിസ്‌ഫോടനം. മിന്നല്‍ പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കിഷ്ത്വാറില്‍ മാത്രം നൂറുകണക്കിന് ആളുകള്‍ കാണാതായിരിക്കുകയാണ്. നാലാം ദിവസവും വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദേശീയ പാതകള്‍ക്കും റെയില്‍ പാളങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറുമായി ബന്ധപ്പെട്ട് സംഭവവികാസങ്ങള്‍ വിലയിരുത്തി.
കിഷ്ത്വാറിലെ ദുരന്തഭൂമിയില്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വലിയ പാറകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നീക്കം ചെയ്യാനുള്ള ശ്രമം ഇന്ന് നടത്തും. ഡ്രോണുകളും കഡാവര്‍ നായ്ക്കളും ഉപയോഗിച്ച് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലും മിന്നല്‍ പ്രളയം നാശം വിതച്ചു. പനാര്‍സ, തക്കോലി, നാഗ്വെയിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പാച്ചില്‍ ഉണ്ടായെങ്കിലും ആളപായമില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഛണ്ഡീഗഡ്-മണാലി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.
അടുത്ത രണ്ട് ദിവസം കൂടി ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.