Views Politics

ആഭ്യന്തരവകുപ്പില്‍ അന്‍വര്‍ തിരികൊളുത്തിയ കലാപം ആരെ ഉന്നംവച്ച്; പാര്‍ട്ടിയെ വെട്ടിലാക്കിയ അന്‍വറിന് പൂമാല, ജയരാജന് മുള്‍ക്കിരീടം...

Axenews | ആഭ്യന്തരവകുപ്പില്‍ അന്‍വര്‍ തിരികൊളുത്തിയ കലാപം ആരെ ഉന്നംവച്ച്; പാര്‍ട്ടിയെ വെട്ടിലാക്കിയ അന്‍വറിന് പൂമാല, ജയരാജന് മുള്‍ക്കിരീടം...

by webdesk1 on | 31-08-2024 10:06:53

Share: Share on WhatsApp Visits: 158


ആഭ്യന്തരവകുപ്പില്‍ അന്‍വര്‍ തിരികൊളുത്തിയ കലാപം ആരെ ഉന്നംവച്ച്; പാര്‍ട്ടിയെ വെട്ടിലാക്കിയ അന്‍വറിന് പൂമാല, ജയരാജന് മുള്‍ക്കിരീടം...

തിരുവനന്തപുരം: സി.പി.എം സഹചാരിയും പിണറായി വിജയന്റെ നാവും മനസുമായ പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളും വെളിപ്പെടുത്തലുകളും ആഭ്യന്തര വകുപ്പിലും പാര്‍ട്ടിയിലും വരും ദിവസങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന കലാപം ചില്ലറയായേക്കില്ല. പിണറായി വിജയന്‍ പോലീസ് മന്ത്രി ആയിരിക്കുന്ന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടി നിര്‍ത്തിയ അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചുള്ളതാണോയെന്ന് പോലും ജനം ധരിച്ച് പോയേക്കാം. അത്ര വലിയ ആരോപണങ്ങളാണ് അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ചത്.

എന്നാല്‍, പിണറായി വിജയനെ ലക്ഷ്യമിട്ട് അന്‍വറിനെ പോലൊരാള്‍ ആരോപണം ഉന്നയിക്കുമോയെന്നതാണ് സംശയം. അതു ശരിയുമാണ്. അന്‍വര്‍ ലക്ഷ്യംവച്ച് പിണറായി വിജയനെ അല്ലെന്ന് വിജയനേയും അന്‍വറിനെയും അറിയുന്നവര്‍ക്ക് അറിയാം. എങ്കില്‍ പിന്നെ ആരായിരിക്കാം?. പിണറായിയോളം വളര്‍ന്ന മറ്റാരെയെങ്കിലും ആകാം. അങ്ങനെ പിണറായി വിജയനോളം വളരാന്‍ ആഭ്യന്തര വകുപ്പില്‍ ധൈര്യമുള്ള ആരാണുള്ളത്?. 

ചോദ്യങ്ങളും സംശയങ്ങളും മുനചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയിലേക്കാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി വിജയനൊപ്പം വളര്‍ന്നു കഴിഞ്ഞു പി.ശശി. അഭ്യന്തര വകുപ്പിലെ അവസാന വാക്കാണ് ഇപ്പോള്‍ ശശി. പ്രത്യേകിച്ച് പോലീസില്‍. അതാണ് അന്‍വര്‍ പോലീസിനെ ഉന്നം വച്ച് ആരോപണം അഴിച്ചുവിട്ടത്. അതും ഗുരുതര ആരോപണങ്ങള്‍. 

കേരളത്തില്‍ ബി.ജെ.പിക്ക് സീറ്റ് നേടിക്കൊടുക്കാന്‍ പോലീസ് ഒത്തു കളിച്ചു എന്നതായിരുന്നു അന്‍വറിന്റെ ഏറ്റവും മുനയേറിയതും ആഭ്യന്തര വകുപ്പിനെ ആകെ പ്രതിക്കൂട്ടിലാക്കുകയും ചെയ്്ത ആരോപണം. തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയമൊരുക്കിയത് എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറാണ്. വി.എസ്. സുനില്‍കുമാറിന് അനുകൂലമായി നിന്ന മണ്ഡലത്തില്‍ പോലീസിന്റെ പൂരം കലക്കലോടെയാണു സുരേഷ് ഗോപിക്ക് കാര്യങ്ങള്‍ അനുകൂലമായത്. ജൂനിയര്‍ ഓഫിസറായ എ.സി.പി അങ്കിത് അശോക് സ്വന്തം താല്‍പ്പര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും അന്‍വര്‍ തന്റെ ഫേസ് മുക്കില്‍ കുറിച്ചു. 

തൃശൂര്‍ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ തൃശൂരില്‍ വി.എസ്. സുനില്‍ കുമര്‍ ഉറപ്പായും തിരഞ്ഞെടുക്കപ്പെടും. ഇതൊക്കെ മാറ്റിമറിച്ചത് തൃശൂര്‍ പോലീസിന്റെ പൂരം കലക്കല്‍ തന്നെയാണ്. സുരേഷ് ഗോപിക്ക് വഴി വെട്ടിയത് ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച് പറയുന്നില്ല എന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

അന്‍വറിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പാര്‍ട്ടിക്കാരെപ്പോലും അമ്പരിപ്പിച്ച മൗനമാണ് നടത്തിയത്. ജയരാജനെ വൈരാഗ്യ ബുദ്ധിയോടെ ആക്രമിച്ച ഗോവിന്ദന്‍ അന്‍വറിനെ നോവിക്കുന്ന ഒരു വാക്ക് പോലും പറഞ്ഞില്ല. ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നാണംകെട്ട തോല്‍വി സമ്മാനിച്ചത് ജയരാജന്റെ മുന്നുംപ്പിന്നുമില്ലാത്ത വാക്കും പെരുമാറ്റവുമാണെന്ന് കണ്ടെത്തിയ സംസ്ഥാന കമ്മിറ്റിയാകട്ടെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും ചോദ്യമുനയില്‍ നിര്‍ത്തുന്ന പരാമര്‍ശനം നടത്തിയ അന്‍വറിനെതിരെ ശാസന പോലും നല്‍കാതെ ഭയന്നു നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു. 

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനേയും കടന്നാക്രമിച്ചു. ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത്. ആഭ്യന്തരമന്ത്രി കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. പോലീസിനെ സി.പി.എം രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകളെന്നും സുധാകരന്‍ പറഞ്ഞു.

പോലീസ് സേന അടിമക്കൂട്ടമായി അധഃപതിച്ച കാലഘട്ടം ഇതിനു മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപകസംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നതിന് അപ്പുറം ക്രമസമാധാന ചുമതലയുള്ള എഡിജിപി ഒന്നും ചെയ്യില്ലെന്നാണ് ഒരു എസ്പി പറഞ്ഞിരിക്കുന്നത്. പോലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയതിനു കേസെടുത്ത ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എഡിജിപി രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അറസ്റ്റിനു പോലീസ് എത്തിയപ്പോള്‍ എഡിജിപി ഒറ്റിക്കൊടുത്തെന്നുമാണ് ആരോപണം.  പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നാണ് ഭരണപക്ഷ എംഎല്‍എയും എസ്പിയും തമ്മിലുള്ള സംഭാഷണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment