News Kerala

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

Axenews | ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

by webdesk2 on | 16-01-2026 11:25:22

Share: Share on WhatsApp Visits: 3


ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന നടത്തിയതില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സന്നിധാനത്ത് വ്യാപക പരിശോധന നടത്തി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നാല് കേന്ദ്രങ്ങളിലായാണ് ഒരേസമയം പരിശോധന നടന്നത്. വില്‍പ്പന കൗണ്ടറുകളിലെ രേഖകള്‍ വിജിലന്‍സ് സംഘം വിശദമായി പരിശോധിച്ചു. 2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം ഏകദേശം 35 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. മരാമത്ത് ബില്‍ഡിംഗിലെ കൗണ്ടറില്‍ നിന്നും വിറ്റ 13,679 പാക്കറ്റ് നെയ്യിന്റെ തുകയായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലവിലെ അന്വേഷണം. ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ സുനില്‍കുമാര്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ പുരോഗതി ഒരു മാസത്തിനകം അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രത്യേക സംഘം ഈ കേസ് അന്വേഷിക്കുന്നത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി.പി.എം പ്രതിനിധിയുമായ എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്കാണ് കോടതി ഇയാളെ കസ്റ്റഡിയില്‍ വിട്ടത്. 2019 കാലയളവില്‍ വിജയകുമാര്‍ ബോര്‍ഡ് അംഗമായിരുന്ന സമയത്തെ ഇടപാടുകള്‍ കേസില്‍ നിര്‍ണ്ണായകമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.





Share:

Search

Recent News
Popular News
Top Trending


Leave a Comment