News Kerala

അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയില്‍ നടക്കുന്നത്: അന്‍സിബ

Axenews | അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയില്‍ നടക്കുന്നത്: അന്‍സിബ

by webdesk2 on | 04-07-2026 10:41:55 Last Updated by webdesk2

Share: Share on WhatsApp Visits: 20


അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയില്‍ നടക്കുന്നത്:  അന്‍സിബ

കൊച്ചി: ഏറെ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയുമാണ് താരസംഘടനയായ അമ്മയിലേക്ക് വന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അങ്ങേയറ്റം നിരാശാജനകമാണെന്നും നടി അന്‍സിബ ഹസന്‍. മുന്‍പ് സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമായ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ഉള്‍പ്പെട്ട കമ്മിറ്റി രാജിവെച്ചതും തുടര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതെന്നും അന്‍സിബ വ്യക്തമാക്കി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നിലവിലുണ്ടായിരുന്നപ്പോള്‍ അവിടെ യാതൊരുവിധ സാമ്പത്തിക ക്രമക്കേടുകളും നടന്നിരുന്നില്ല. പുറത്തുണ്ടായ വിവാദങ്ങളെ തുടര്‍ന്നായിരുന്നു അന്ന് അവര്‍ ഒന്നിച്ച് രാജി സമര്‍പ്പിച്ചത്. എന്നാല്‍ ശ്വേതാ മേനോന്റെ കമ്മിറ്റിയില്‍ വ്യക്തമായ സാമ്പത്തിക ക്രമക്കേടുകളാണ് ഉണ്ടായതെന്നും, അതുകൊണ്ടാണ് അവരെ അഡ്‌ഹോക് കമ്മിറ്റിയായി പോലും നിലനിര്‍ത്താതെ ഇരുന്നതെന്നും അന്‍സിബ ഹസന്‍ വെളിപ്പെടുത്തി.

താരസംഘടനയ്ക്കുള്ളില്‍ ഗുരുതരമായ വര്‍ഗ്ഗീയ ധ്രുവീകരണമാണ് നടക്കുന്നതെന്ന് നടി മാലാ പാര്‍വതി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. അന്‍സിബ എന്ന മുസ്ലിം നാമധാരിയായ നടിയെ സംഘടനയ്ക്കുള്ളില്‍ വച്ച് വര്‍ഗ്ഗീയമായി ആക്രമിക്കാനും തരംതാഴ്ത്താനും ബോധപൂര്‍വ്വമായ ശ്രമം നടന്നു. വര്‍ഗ്ഗീയവാദം വച്ചുപുലര്‍ത്തുന്ന ഒരു സംഘമല്ല അമ്മ എന്ന സംഘടനയെ ഭരിക്കേണ്ടതെന്ന് മാലാ പാര്‍വതി ചൂണ്ടിക്കാട്ടി. സംഘടനയ്ക്കുള്ളിലെ അഴിമതിക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും സത്യം വിളിച്ചുപറയുമെന്ന് വ്യക്തമാക്കിയപ്പോള്‍, ഇനി ഈ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ് പ്രസിഡന്റ് ശ്വേതാ മേനോന്‍ തന്നെ വ്യക്തിപരമായി ഭീഷണിപ്പെടുത്തിയെന്നും മാലാ പാര്‍വതി വെളിപ്പെടുത്തി.

അധികാരമോഹവും ഈഗോയും പരസ്പരം ചളിവാരിയെറിയലുമാണ് ഇപ്പോള്‍ അമ്മ സംഘടനയില്‍ പൂര്‍ണ്ണമായും നടക്കുന്നതെന്ന് നടി ഉഷാ ഹസീനയും കുറ്റപ്പെടുത്തി. സിനിമയിലെ സ്ത്രീകള്‍ സംഘടനയുടെ നേതൃനിരയിലേക്ക് വരണമെന്ന് തങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിലവിലെ ഭാരവാഹികള്‍ ജയിക്കാന്‍ വേണ്ടി പല കുറുക്കുവഴികളും തിരിമറികളുമാണ് കാണിച്ചത്. എന്നിരുന്നാല്‍ പോലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സംഘടനയുടെ നന്മ മുന്‍നിര്‍ത്തി ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് തങ്ങള്‍ നല്‍കിയിരുന്നതെന്നും, എന്നാല്‍ തികച്ചും ഏകപക്ഷീയവും സ്ത്രീവിരുദ്ധവുമായ സമീപനമാണ് നേതൃത്വത്തില്‍ നിന്നും ഉണ്ടായതെന്നും ഉഷാ ഹസീന വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment