News Kerala

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കും

Axenews | യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കും

by webdesk2 on | 18-06-2026 09:36:25

Share: Share on WhatsApp Visits: 4


യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കും

തിരുവനന്തപുരം:  യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി വി ഡി സതീശന്‍ ധനവകുപ്പിന്റെ ചുമതലയോടെ അവതരിപ്പിക്കുന്ന ഈ ബജറ്റില്‍, തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ജനപ്രിയ വാഗ്ദാനങ്ങളും ഇന്ദിരാ ഗ്യാരന്റികളും ഇടംപിടിക്കുമോ എന്നാണ് നാട് ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും ജനക്ഷേമപ്രവര്‍ത്തനങ്ങളും ഒന്നിച്ച് കൊണ്ടുപോകുമെന്ന പ്രഖ്യാപിത നയത്തിലൂന്നിയാകും ബജറ്റിന്റെ ഘടനയെന്നാണ് സൂചന. മെട്രോ വികസനം, തീരദേശ മേഖലകളുടെ പുരോഗതി, ആരോഗ്യ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ എന്നിവയ്ക്കൊപ്പം പരമ്പരാഗത മേഖലകളെയും ബജറ്റ് കൈവിടില്ലെന്നാണ് വിലയിരുത്തല്‍.

ബജറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത് സംസ്ഥാനത്തെ കര്‍ഷക സമൂഹമാണ്. തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന വാഗ്ദാനം (ഇത് ഘട്ടങ്ങളായി 300 രൂപയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു) ഈ ബജറ്റില്‍ യാഥാര്‍ഥ്യമാകുമോ എന്ന് കര്‍ഷകര്‍ കാത്തിരിക്കുന്നു. ഇതോടൊപ്പം കേരളത്തെ ആഗോള തുറമുഖ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള മിഷന്‍ സമുദ്ര പദ്ധതിയും ഐടി, തീരദേശ മേഖലകള്‍ക്കായുള്ള പ്രത്യേക പാക്കേജുകളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കൃത്യമായ സ്രോതസ്സുകള്‍ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്. ഇതിനായി നികുതി ചോര്‍ച്ച തടയുന്നതിനുള്ള കര്‍ശന നടപടികള്‍ക്കാകും ബജറ്റ് മുന്‍ഗണന നല്‍കുക. ജിഎസ്ടി വകുപ്പിനെ പൂര്‍ണ്ണമായി ഉടച്ചുവാര്‍ത്ത് നികുതി പിരിവ് ഊര്‍ജിതമാക്കാനും, സ്വര്‍ണം, മദ്യ നിര്‍മ്മാണ മേഖലകളില്‍ നിന്നുള്ള വരുമാനം കൂട്ടാനും നടപടികളുണ്ടാകും. മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പോകുന്ന നിലവിലെ രീതി അവസാനിപ്പിച്ച് അത് സര്‍ക്കാര്‍ ഖജനാവിലേക്ക് നേരിട്ടെത്തിക്കാനും, കിഫ്ബിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയദര്‍ശിനി യാത്രാ സൗജന്യ പദ്ധതി ഉള്‍പ്പെടെയുള്ള വിപുലമായ ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനവും നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാരിന് വലിയ തുക കണ്ടെത്തേണ്ടതുണ്ട്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നാല്‍ അത് മുന്‍പ് പാസാക്കിയ ധനബില്ലില്‍ ഭേദഗതി വരുത്തിക്കേണ്ടി വരും. കേന്ദ്രത്തില്‍ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിക്കാത്തതും ധനക്കമ്മീഷന്‍ വിഹിതത്തിലെ കുറവും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടന്ന്, ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ എങ്ങനെ ബജറ്റ് സന്തുലിതമാക്കും എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രയാണം.


Share:

Search

Recent News
Popular News
Top Trending


Leave a Comment