News Kerala

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി

Axenews | തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി

by webdesk2 on | 02-06-2026 07:51:44

Share: Share on WhatsApp Visits: 5


തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലുണ്ടായ കനത്ത വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ അടിയന്തര പരിഹാരം കാണുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം ഉന്നതതല യോഗം ചേരും. മന്ത്രിമാരായ മോന്‍സ് ജോസഫ്, കെ. മുരളീധരന്‍, സി.പി. ജോണ്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കാലവര്‍ഷം ആരംഭിക്കാനിരിക്കെ, നഗരത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തരമായി ഈ ചര്‍ച്ച വിളിച്ചുചേര്‍ത്തത്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തലസ്ഥാന നഗരിയിലെ പ്രധാന മേഖലകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു. ഇത് വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍. ജലസേചന വകുപ്പിന്റെ കീഴിലുള്ള ഓടകള്‍ അടിയന്തരമായി വൃത്തിയാക്കണമെന്ന് തിരുവനന്തപുരം നഗരസഭ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ ഉന്നതതല യോഗം.

തിരുവനന്തപുരം നഗരത്തിലെ മഴക്കാലപൂര്‍വ ശുചീകരണത്തിനും, പ്രധാന നീരൊഴുക്കായ ആമയിഴഞ്ചന്‍ തോട് വൃത്തിയാക്കുന്നതിനുമായി ഓരോ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍, വെറും അര മണിക്കൂര്‍ മാത്രം നീണ്ടുനിന്ന മഴയില്‍ നഗരത്തിലെ പല പ്രധാന റോഡുകളിലേക്കും വെള്ളം കയറുന്ന കാഴ്ചയാണ് കണ്ടത്. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകിയത് നഗരവാസികളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കി.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് കിഴക്കേക്കോട്ടയിലെ ബസ് സ്റ്റോപ്പുകളില്‍ എത്താന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിലും റോഡുകള്‍ തോടുകളായി മാറിയതോടെ മണിക്കൂറുകളോളമാണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടത്. ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള കര്‍മ്മപദ്ധതികള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന.


Share:

Search

Recent News
Popular News
Top Trending


Leave a Comment