News India

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

Axenews | കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

by webdesk2 on | 28-05-2026 01:31:25

Share: Share on WhatsApp Visits: 6


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിക്ക് വഴിയൊരുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയില്‍ നടന്ന നിര്‍ണായക മന്ത്രിസഭാ പ്രഭാതഭക്ഷണ യോഗത്തിലാണ് താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന വിവരം സഹപ്രവര്‍ത്തകരെ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് അദ്ദേഹം ഔദ്യോഗികമായി രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് അഞ്ച് പതിറ്റാണ്ടോളം നീണ്ട സജീവ രാഷ്ട്രീയ പാരമ്പര്യമുള്ള മുതിര്‍ന്ന നേതാവിന്റെ ഈ നിര്‍ണായക തീരുമാനം.

സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതോടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ചുമതലയേല്‍ക്കാനാണ് സാധ്യത. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം പുതിയ നേതൃത്വത്തിന് വഴിമാറിക്കൊടുക്കുകയാണെന്ന് സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി. രാജി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനെയും രാഹുല്‍ ഗാന്ധിയെയും നേരിട്ട് കാണും. നിയമസഭാംഗങ്ങളുടെയും എം.എല്‍.എമാരുടെയും പിന്തുണയില്‍ സിദ്ധരാമയ്യ ഏറെ മുന്നിലാണെങ്കിലും, താഴെത്തട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പിന്തുണയാണ് ഡി.കെ. ശിവകുമാറിന് അനുകൂല ഘടകമായത്.

ദേശീയ രാഷ്ട്രീയത്തിലേക്കാണ് ഇനി സിദ്ധരാമയ്യയുടെ ചുവടുമാറ്റം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ പ്രമുഖനായ ഏക ഒ.ബി.സി (OBC) മുഖം എന്ന വാദത്തിലുമാണ് കഴിഞ്ഞ കുറേക്കാലമായി സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തില്‍ പിടിച്ചുനിന്നത്. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കിടയിലും 135 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 109 പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് സിദ്ധരാമയ്യ വാദിച്ചിരുന്നു. സാമാജികരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം മുന്‍പ് ഹൈക്കമാന്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനും രണ്ടര വര്‍ഷം വീതം എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തിലെ ധാരണ.

ജനവികാരവും ഈ മുന്‍ധാരണയും പൂര്‍ണ്ണമായി പാലിക്കണമെന്ന ഹൈക്കമാന്‍ഡിന്റെ കടുത്ത വാശിക്ക് മുന്നിലാണ് സിദ്ധരാമയ്യ ഒടുവില്‍ കീഴടങ്ങുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ കര്‍ണാടകത്തില്‍ നിന്നുള്ള പ്രധാന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ ശക്തനായ ഒ.ബി.സി മുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ രാജ്യസഭാ വോട്ടെടുപ്പ് ദിവസം വരെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന ഒരേയൊരു ഡിമാന്‍ഡ് മാത്രമാണ് സിദ്ധരാമയ്യ മുന്നോട്ട് വെച്ചിട്ടുള്ളത്. ഹൈക്കമാന്‍ഡ് ഈ വ്യവസ്ഥ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഇന്നോടെ വ്യക്തത വരും.


Share:

Search

Recent News
Popular News
Top Trending


Leave a Comment